ബംഗളൂരു: ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ ദുരന്തത്തില്‍ കലാശിച്ചു. ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന തര്‍ക്കത്തിനിടെ മൂന്നു ബീഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു.
പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് നിര്‍മാണ തൊഴിലാളികളായ രാധേ ശ്യം(23), അന്‍സു(19), ദീപു(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് മൂവരും അനേക്കലില്‍ ഹോളി ആഘോഷങ്ങള്‍ക്കെത്തിയത്. ആഘോഷങ്ങള്‍ക്കായി ക്ഷണിച്ച സുഹൃത്തിന്റെ സഹോദരിയുടെ ഫോണില്‍ നിന്ന് കൊല്ലപ്പെട്ടവരിലൊരാളുടെ ഫോണിലേക്ക് വന്ന കോളാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്.
ഇരുമ്പ് ദണ്ഡുകളും കുപ്പികളും കൊണ്ട് അവര്‍ പരസ്പരം അക്രമിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായി. കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലും മൂന്നാമത്തെയാളെ താഴത്തെ നിലയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോള്‍ ഒരാള്‍ക്ക് ജീവന്‍ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് പോകുന്നതിനിയില്‍ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.