തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 24നാണ് യോഗം. ലഹരി വിരുദ്ധ കാമ്പയിനും തുടര്‍ നടപടികളും ചര്‍ച്ചയാകും.
ലഹരിക്കെതിരെ സംയുക്ത ഓപ്പറേഷന്‍ നടത്താന്‍ പൊലീസും എക്‌സൈസും തീരുമാനിച്ചിട്ടുണ്ട്. കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധനയുണ്ടാകും.
എഡിജിപി മനോജ് എബ്രഹാം, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാധവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവികളും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരും സംയുക്ത യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണം. ലഹരികടത്തിയതിന്റെ പേരില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്നവരെ രണ്ട് വകുപ്പുകളും നിരീക്ഷിക്കും. ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ അമിതമായി വാങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.