വെല്ലിങ്ടൺ: ന്യൂസിലാൻഡിൻ്റെ വടക്കൻ മേഖലയെ പിടിച്ചു കുലുക്കി ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാവിലെ കെർമാഡെക് ദ്വീപിലാണ് സംഭവമെന്ന് യുസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സംഭവത്തെ തുടർന്നു യുഎസ് സുനാമി വാണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 6.25 നാണ് സംഭവമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ട്വീറ്ററിലൂടെ അറിയിച്ചു. ഭൂമിക്കടിയിൽ 41 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് സെൻ്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ അറിയിപ്പ്.
അതേസമയം സുനാമി സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ന്യൂസിലാൻഡിൻ്റെ നാഷണൽ എമർജൻസി മാനേജ്മെൻ്റ് ഏജൻസി തള്ളി. ഭൂചലനത്തെ തുടർന്നു സുനാമി ഭീഷണിയില്ലെന്നു ഏജൻസി ട്വീറ്റ് ചെയ്തു. അതിനിടെ, തങ്ങൾക്ക് സുനാമി ഭീഷണിയില്ലെന്ന് അയൽരാജ്യമായ ഓസ്ട്രേലിയയും അറിയിച്ചു.