ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ത്തന്നെ കഴിയണം. 14 ദിവസം നിരീക്ഷണം വേണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് 19 അവലോകന യോഗത്തിനുശേഷം കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പ്രതിരോധപ്രവര്‍ത്തനത്തിന് ഭീഷണിയായിട്ടുണ്ട്. കോഴിക്കോട്ട് നിരീക്ഷണത്തിലുള്ളവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. വീടുകളില്‍ 2697 പേര്‍ നിരീക്ഷണത്തിലുണ്ട്. ഏഴ് പേര്‍ ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഇതു വരെയുള്ള പരിശോധനഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. 92 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ 85 ഫലങ്ങള്‍ ലഭിച്ചു. ഏഴ് ഫലം വരാനുണ്ട്.
താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതായി കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. വടകര, കൊയിലാണ്ടി ആശുപത്രികളിലാണ് വാര്‍ഡുകള്‍ സജ്ജമാക്കിയത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌കില്‍ സക്രീനിങ് ഏര്‍പ്പെടുത്തി.ഡിഎംഒ ഡോ. വി ജയശ്രീയും പങ്കെടുത്തു.

