കണ്ണൂർ: സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ജിജോ രംഗത്തെത്തിയത്. ‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുക, അല്ലാതെ ഉമ്മ വെക്കാൻ പറ്റുമോ’ എന്നായിരുന്നു ജിജോ ഫേസ്ബുക്കിൽ കുറിച്ചത്.ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ വിമർശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഈ വിധം കമന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അക്രമ രാഷ്ട്രീയത്തിൽ സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിൽ ആകാശ് തില്ലങ്കേരി കമന്റ് ചെയ്തത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് പലതും ചെയ്യിച്ചത്. ആഹ്വാനം ചെയ്തവർക്ക് സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ആകാശ് തില്ലങ്കേരി മറുപടിയായി ഇക്കാര്യം സൂചിപ്പിച്ചത്.
‘ഭയം ഇല്ലെന്ന് എടയന്നൂർകാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവൻ തന്നെയാണ് സരീഷ്. പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങി നടക്കുന്നു. കുഴിയിൽ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേയില്ല. ഒന്ന് ശ്രദ്ധിക്കുക, പല ആഹ്വാനങ്ങളും തരും. കേസ് വന്നാൽ തിരിഞ്ഞ് നോക്കില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു. പട്ടിണിയിൽ വഴിയുമ്പോഴും വഴി തെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ പാർട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങൾ ഒന്ന് പരിശോധിച്ചാൽ മതിയാവും.’ ആകാശ് ഫേസ്ബുക്കിൽ കുറിച്ചു.
‘അപ്പോഴെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ..ക്വട്ടേഷനെന്ന് ചാപ്പകുത്തി മാക്‌സിമം അകറ്റാൻ ശ്രമിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവദം ചെയ്യുന്നു. ക്ഷമയുടെ നെല്ലിപവലക കാണുമ്പോഴാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടി വരുന്നത്. രാഷ്ട്രീയപരമായി വിമർശനങ്ങൾ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്.’ എന്നും ആകാശിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.സിപിഐഎം പ്രാദേശിക നേതൃത്വവും ആകാശ് തില്ലങ്കേരിയും തമ്മിൽ നേരത്തെ മുതൽ ഫേസ്ബുക്കിൽ വാക്ക് തർക്കങ്ങളുണ്ടായിരുന്നു.