Kerala News

സ്ത്രീ സുരക്ഷക്ക് കാതോര്‍ത്ത് വനിതാ ശിശു വികസന വകുപ്പ്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാന്‍ കാതോര്‍ത്ത്, കനല്‍ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി വനിതാ ശിശു വികസന വകുപ്പ്.

സ്ത്രീ സുരക്ഷയ്ക്കായി ‘കാതോര്‍ത്ത്’
കാതോര്‍ത്ത് പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി, ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നു. അവര്‍ക്ക് എല്ലാ നിയമസഹായവും പോലീസ് സഹായവും പദ്ധതിയിലൂടെ നല്‍കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.പ്രേമ്ന മനോജ് ശങ്കര്‍ പറഞ്ഞു. വളരെ പ്രഗത്ഭരായ നിയമ വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലേഴ്സും പാനലില്‍ ഉള്‍പ്പെടുന്നു. പത്തിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരിയിലാണ് കാതോര്‍ത്ത് പദ്ധതി സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ ഇതുവരെ 80 സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു പദ്ധതിയിലൂടെ പരിഹാരം കാണാനായി. സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ കൗണ്‍സിലിംഗും നിയമസഹായവും ലഭ്യമാക്കുന്നതിലൂടെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങള്‍ക്ക് ഉടനടി തുടര്‍നടപടികളിലേക്ക് കടക്കാനാകും. യാത്രാക്ലേശവും സമയനഷ്ടവും ഒഴിവാക്കാനാകുമെന്നതും പ്രധാന സവിശേഷതയാണ്.

എങ്ങനെ അപേക്ഷിക്കാം
www.kathorthu.wcd.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാനാകും. കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിങ്ങനെ മൂന്നു തരത്തില്‍ സഹായം ആവശ്യപ്പെടാവുന്നതാണ്. അതാത് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റുമാര്‍ ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്ര വഴി സേവനം ലഭ്യമാക്കും. പോലീസ് സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വുമണ്‍ സെല്ലിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
പീഡനങ്ങള്‍ക്കെതിരെ ‘കനലായി’ കലാലയങ്ങളും
സ്ത്രീധന പീഡനങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കനല്‍ എന്ന പദ്ധതി സംസ്ഥാനതലത്തില്‍ രൂപീകരിച്ചത്. ജില്ലയില്‍ കഴിഞ്ഞ ജൂലൈയിലാണ് ജെന്‍ഡര്‍ സെന്‍സിടൈസേഷന്‍ പദ്ധതിയായ കനല്‍ പദ്ധതി ആരംഭിച്ചത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 25 കോളേജുകളിലായി 6,500 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നല്‍കിക്കഴിഞ്ഞു. 100 മുതല്‍ 500 കുട്ടികളുടെ വരെ ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഓണ്‍ലൈന്‍ ക്ലാസ് വീതമാണു നല്‍കി വരുന്നത്. ജെന്‍ഡര്‍ റിലേഷന്‍, ജെന്‍ഡര്‍ & ലോ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. പരിചയ സമ്പന്നരായ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള പഠന ക്ലാസുകളും നടത്തിവരുന്നു. അഭയ കിരണം, സഹായഹസ്തം എന്നീ ധനസഹായ പദ്ധതികളും സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണ്. നോഡല്‍ ഏജന്‍സി എന്ന നിലയില്‍ പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക്ക് പ്ലേസസ് ആക്ട് പ്രകാരം (POSH Act) ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റികള്‍ കൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്നത് വനിതാ ശിശുവികസന വകുപ്പാണ്. നിലവില്‍ 10 വനിതാ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കമ്മറ്റിയില്‍ ഒരു സോഷ്യല്‍ വര്‍ക്കറും അഡ്വക്കേറ്റും ഉള്‍പ്പെടും. പഞ്ചായത്ത്തലത്തില്‍ ഇന്റേണല്‍ കമ്മറ്റി മെമ്പര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

പൊതുജന പങ്കാളിത്തം ഉപയോഗപ്പെടുത്തി പുതിയ രണ്ട് സ്‌കീമുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. രക്ഷാ ദൂത് എന്ന പദ്ധതിയാണ് ഒന്നാമത്തേത്. ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നേരിട്ട് പരാതി നല്‍കാനോ ബന്ധപ്പെടാനോ സാധിക്കണമെന്നില്ല. അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന സ്ത്രീക്കോ കുട്ടിക്കോ ഒരു വെള്ള പേപ്പറില്‍ ‘തപാല്‍’ എന്ന കോഡും അഡ്രസും മാത്രമെഴുതി പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടപടി സ്വീകരിക്കും. ഇതേ രീതിയില്‍ സഹായം ആവശ്യമുള്ള നമുക്കറിയാവുന്ന ആളുകള്‍ക്ക് വേണ്ടിയും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
മറ്റൊരു പദ്ധതിയാണ് പൊന്‍ വാക്ക്. ബാലവിവാഹങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ponvakkuekm@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്കോ +91 9188969207 എന്ന നമ്പറിലേക്കോ വിവരം നല്‍കിയാല്‍ 2,500 രൂപ പാരിതോഷികം ലഭിക്കും. വിവാഹം നടക്കുന്നതിന് മുന്‍പ് വിവരം അറിയിക്കേണ്ടതാണ്. വിവരം നല്‍കിയ വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കും.
സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതോടൊപ്പം നിയമവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ ആരെയാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചും വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലുള്ള വണ്‍ സ്റ്റോപ്പ് സെന്ററിലൂടെ സഹായം അര്‍ഹിക്കുന്ന സ്ത്രീകള്‍ക്ക് നിയമ സഹായം, കൗണ്‍സിലിംഗ്, പോലിസ് സഹായം എന്നിവയോടൊപ്പം അഞ്ച് ദിവസം വരെ താമസസൗകര്യവും നല്‍കുന്നുണ്ട്. വകുപ്പിന് കീഴില്‍ സംസ്ഥാനതലത്തില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ ഓഫീസര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!