കേരളാ കോണ്‍ഗ്രസ് ബി പിളരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഏഴ് ജില്ലാ കമ്മിറ്റികള്‍ കൂടെ ഉണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ പിളര്‍പ്പ്.
മലബാര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അസംതൃപ്തി പരസ്യമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താല്‍പര്യങ്ങള്‍ അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നല്‍കുന്നു എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്.
എന്നാല്‍, പാര്‍ട്ടിയില്‍ സജീവമല്ലാത്ത പ്രവര്‍ത്തകരാണ് വിമതസ്വരം ഉയര്‍ത്തുന്നതെന്ന പ്രതികരണമാണ് കെ ബി ഗണേഷ് കുമാറിന്റെ ഭാഗത്ത് ഇത് വരെ ഉണ്ടായിട്ടുള്ളത്. സംഘടനാ തലത്തില്‍ കാര്യമായ ഒരു സ്വാധീനവും വിമതര്‍ക്കില്ല, മാത്രമല്ല പലരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനിരുന്നതാണെന്നും കെബി ഗണേഷ് കുമാര്‍ പറയുന്നു. അതേസമയം വിമതര്‍ നിലപാട് വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് പറയുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.