മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനിനും മുംബൈ വിമാനത്താവളത്തിനും വ്യോമായാന മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്നുതന്നെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത് .
സാഹചര്യം മുന്‍ക്കൂട്ടി കാണാനോ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനോ ഇന്‍ഡിഗോയ്‌ക്കോ മുംബൈ വിമാനത്താവളത്തിനോ സാധിച്ചില്ലെന്ന് വ്യോമായാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, അനുവദിച്ച പ്രവേശന കവാടത്തില്‍ നിന്ന് വിമാനത്തിലേക്കും പുറത്തേക്കും കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ കോണ്‍ടാക്ട് സ്റ്റാന്റിന് പകരം റിമോര്‍ട്ട് ബേ ആണ് വിമാനത്തില്‍ ഒരുക്കിയതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടതോടെയാണ് ഗോവ-ഡല്‍ഹി 6E2195 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നത്. സംഭവത്തില്‍ യാത്രക്കാരോട് ഇന്‍ഡിഗോ മാപ്പുപറയുകയും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, മേഖലയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഡല്‍ഹിയില്‍ നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു.