ക്യാപിറ്റോള്‍ ആക്രമണത്തേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂടവേ പ്രസിഡന്റിനെ കൈവിട്ട് അമേരിക്കന്‍ ജനതയും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ ഭൂരിഭാഗം പേരും. ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്.
ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. മറ്റു രണ്ട് സര്‍വേകളിലും ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. പ്യൂ റിസര്‍ച്ച് സെന്ററും വാഷിംഗ്ടണ്‍ പോസ്റ്റ് – എ.ബി.സി ന്യൂസും റോയിട്ടേഴ്സും നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. 29 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ ചെറിയ തോതിലെങ്കിലും അനുകൂലിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം വരുന്ന മുതിര്‍ന്നവരും ക്യാപിറ്റോള്‍ ആക്രമണത്തെ പരസ്യമായി തന്നെ എതിര്‍ക്കുന്നവരാണ്.