സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി. തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും എം പി പ്രതികരിച്ചു.
നിർദ്ദിഷ്ട സെമി ഹൈ സ്പീഡ്റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.