തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമാവും അതേക്കുറിച്ച് ചിന്തിക്കുക. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ആശങ്കയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.