തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) ജീവപര്യന്തം ശിക്ഷ. പത്മരാജൻ കുറ്റക്കാരനെന്ന് തലശ്ശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നൽകിയത്. തുടർന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം നൽകിയത്. ക്രൈംബ്രാഞ്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയത് വിവാദമായിരുന്നു.

