കണ്ണൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജി നല്‍കിയത്.
സ്വര്‍ണക്കടത്ത്, ലൈംഗികാതിക്രമം,ആര്‍എസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ നേരിട്ടെത്തി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
നവീന്‍ ബാബുവിന്റെ മരണം, ഇ.പി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെ ഒക്കെ പിന്നില്‍ ശശി ആണെന്നായിരുന്നു പാലക്കാട് അന്‍വര്‍ പ്രസംഗിച്ചത്. ഈ ആരോപണങ്ങളില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിലും തലശ്ശേരിയിലുമായാണ് കേസ് ഫയല്‍ ചെയ്തത്. അഡ്വ.കെ വിശ്വന്‍ മുഖേന ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്നായിരുന്നു കേസ് ഫയല്‍ ചെയ്തതിന് ശേഷം ശശിയുടെ പ്രതികരണം.