മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജന്‍. ‘എല്‍ ത്രീ’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണം എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം ഒന്നും പറഞ്ഞില്ല.
കേരളം കൊടുത്ത മെമ്മോറാണ്ടത്തില്‍ പിശകുണ്ടെന്നായിരുന്നു വയനാട് തെരഞ്ഞെടുപ്പില്‍ അടക്കം പ്രചരിപ്പിച്ചതെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മുന്‍കൂറായി തന്ന തുകയും, നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട്. കോടതിയില്‍ കേന്ദ്രത്തിന്റെ നിലപാട് എന്തെന്ന് അറിയണം. കേന്ദ്രം അവഗണിച്ചാലും ദുരന്തബാധിതരെ ഇടത് സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും. ലോക മലയാളികളുടെയും മനുഷ്യസ്‌നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കും. പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്ത് കേരളത്തിനുള്ള അവഗണനക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാനത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും സഹായം നല്‍കിയില്ലെങ്കില്‍ പോര്‍മുഖത്ത് വച്ച് കാണാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു.