കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.അതേസമയം സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.അഭിഭാഷകൻ വേണ്ടെന്ന് മാർട്ടിൻ കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന് പ്രതിയെ റിമാൻഡ് ചെയ്തു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ പൊലീസിനോട് ആവർത്തിക്കുന്നത്. 10 ദിവസത്തേക്കാണ് നേരത്തെ പ്രതി ഡോമിനിക് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.
കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം സഹായം: ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

