വിവാദ പ്രസ്താവനകളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നാക്കുപിഴ ആർക്കും സംഭവിക്കാമെന്ന് താരിഖ് അൻവർ പറഞ്ഞു. സുധാകരന്റെ പരാമർശങ്ങൾക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയിൽ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും താരിഖ് അൻവർ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കെ സുധാകരന്റെ പരാമർശങ്ങൾ സംബന്ധിച്ച മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാർട്ടിയാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമർശമാണ് വിവാദമായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി എന്നുൾപ്പെടെ കെ സുധാകരൻ പറഞ്ഞു.ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം.