National

ലൈം​ഗികാതിക്രമം നടന്നിട്ടുണ്ടെങ്കിൽ മാത്രമേ ‘പോക്‌സോ’ പ്രകാരം കേസെടുക്കാനാകൂ: ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ അതേ സ്‌കൂളിലെ പ്രിൻസിപ്പലും അധ്യാപകനും ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അമ്മ നൽകിയ പരാതി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് നിരാൽ മേഹ്ത ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ചിന്റേതാണ് വിധി.

സൂററ്റിലെ ലാൽദർവാജയിലെ സ്‌കൂൾ വിദ്യാർത്ഥിയെ പ്രിൻസിപ്പലും സ്‌കൂളിലെ അധ്യാപകരും ചേർന്ന് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് തന്റെ മകളെ പരസ്യമായി മർദ്ദിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ യൂണിഫോം പാവാട മാറ്റുന്ന ദൃശ്യങ്ങൾ മറ്റുള്ളവരെ കാണിക്കുമെന്ന് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അധ്യാപകർ ഭീഷണിപ്പെടുത്തിയതായും അമ്മ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ച കോടതി ബെഞ്ച് കുട്ടിയുടെ അമ്മയുടെ പരാതി തള്ളി.

പോക്സോ നിയമത്തിലെ സെക്ഷൻ 7, 11 അനുസരിച്ച് ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തികളാണ് കേസിന് ആധാരമായി വരികയെന്നും ഈ രണ്ട് സെക്ഷൻ പ്രകാരം ആരോപണ വിധേയനായ വ്യക്തി അത്തരം ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചാൽ മാത്രമാണ് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമായി പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. നിലവിലെ കേസിൽ പ്രതികൾ കുട്ടിയോട് പരുഷമായി പെരുമാറിയിട്ടുണ്ട്. കുട്ടിയ്ക്ക് അത് സമ്മർദ്ദമുണ്ടാക്കിയതായും മനസ്സിലാക്കുന്നുവെന്നും എന്നാൽ ഈ ആരോപണങ്ങൾ പോക്‌സോ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

ഇനി അഥവാ ഈ പരാതി പരിഗണിക്കുകയാണെങ്കിൽ, കുട്ടിയെ പ്രതികൾ ദുരുപയോഗം ചെയ്തുവെന്ന തരത്തിലുള്ള യാതൊരു ആരോപണവും ഹർജിക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി കാണുന്നില്ല. കുട്ടിയെ മോശമായ രീതിയിൽ സ്പർശിക്കുകയോ മറ്റോ ചെയ്തതായും ഹർജിയിൽ പറയുന്നില്ല. അച്ചടക്കലംഘനത്തിന്റെ പേരിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കർശനവും പരുഷവുമായ പെരുമാറ്റം ആയി മാത്രമേ ഈ കേസിനെ കാണാൻ സാധിക്കൂവെന്നും കോടതി പറഞ്ഞു.

അതേസമയം തങ്ങൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 354 (ബി), 114 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പ് 7 , 8, 11 എന്നിവയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധ്യാപകരും പ്രിൻസിപ്പലും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

അതേസമയം ക്ലാസ്സ് റൂമുകളിൽ മോശമായി പെരുമാറുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്യുന്ന കുട്ടിയെ പലപ്പോഴും സ്‌കൂൾ അധികൃതർ ശിക്ഷിച്ചിട്ടുണ്ടെന്നും. അച്ചടക്കലംഘനമെന്ന രീതിയിൽ നൽകിയ ശിക്ഷയാണ് ഇപ്പോൾ ഈ കേസിലേക്ക് എത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റിനോടുള്ള മറ്റ് ചില പ്രശ്‌നങ്ങളാൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മാനേജ്‌മെന്റിനെതിരെ നൽകിയ കള്ളക്കേസുകളിൽ ഒന്നാണിതെന്നും ഇതിനു മുമ്പും ഇത്തരത്തിൽ വ്യാജപരാതികൾ നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ, തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിനാൽ തെളിവുകളൊന്നും കൃത്യമായി പരിശോധിക്കാതെ പ്രാഥമിക ഘട്ടത്തിൽ തന്നെ പരാതി റദ്ദാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ കോടതിയെ അറിയിച്ചു. രക്ഷിതാക്കൾ നൽകിയ മുഴുവൻ പരാതിയും അതേപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ‘ലൈംഗിക ഉദ്ദേശം’ സംബന്ധിച്ച കാര്യത്തിൽ പ്രതികൾക്കതിരെയുള്ള ഒരു ആരോപണവും നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ,’ലൈംഗിക ഉദ്ദേശം’ എന്ന കാര്യം ഹർജിക്കാർ നൽകിയ പരാതിയിൽ നിലനിൽക്കില്ലെന്നും കോടതി പ്രസ്താവിച്ചു. അതുകൊണ്ട് തന്നെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുന്നത് വസ്തുതാപരമായി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി രക്ഷിതാക്കൾ നൽകിയ പരാതി ഭാഗികമായി സ്വീകരിക്കുകയും പ്രതികൾക്കെതിരെയുള്ള പോക്സോ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!