കാസർകോട്: കെപിസിസി മുൻ ഉപാദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ സിപിഐഎമ്മിലേക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് സി കെ ശ്രീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് താൻ സിപിഐഎമ്മിൽ ചേരുന്നത്. രാഷ്ട്രീയമാറ്റത്തിന്റെ വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു.
‘കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചു. കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജി,’ ഈ മാസം 19ന് കാഞ്ഞങ്ങാട്ട് സി കെ ശ്രീധരന് സിപിഐഎം ഔദ്യോഗിക സ്വീകരണം നൽകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഡിസിസി മുൻ അദ്ധ്യക്ഷനെ സിപിഐഎമ്മിൽ സ്വാഗതം ചെയ്യും.ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. ആറ് പതിറ്റാണ്ട് കാലത്തെ അനുഭവത്തിൽ ചിലത് പറയാനുണ്ടെന്ന് ഒക്ടോബർ 19ന് സി കെ ശ്രീധരൻ നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഴ്ച്ചകൾക്ക് മുൻപ് സി കെ ശ്രീധരന്റെ പുസ്തകം പ്രകാശനം ചെയ്തത്.

