കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒളിവില്‍ കഴിയുന്ന കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു.കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്.ഇന്നലെ ഇരിങ്ങാലക്കുടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
ഇയാള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതി കിരണിനെയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെയാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്.
വരന്റെ മൂരിയാടിലെ വീട്ടില്‍ നടന്ന ചടങ്ങിലേക്കാണ് മന്ത്രി എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നിലപാടുകളോട് ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്.
സ്വന്തം മണ്ഡലത്തിനുള്ളില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആര്‍.ബിന്ദു ചടങ്ങില്‍ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാര്‍ട്ടി വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്.