Kerala

പതിനഞ്ചാം കേരള നിയമസഭ; ഇന്ന് അവസാനദിനം, നടപടികൾ പൂർത്തിയാക്കി

പ്രധാനമായും നിയമനിര്‍മ്മാണത്തിനായി ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് അവസാനിക്കുകയാണ്. 2024 ഒക്ടോബര്‍ 4 മുതല്‍ 15 വരെയുള്ള കാലയളവിലായി ആകെ 8 ദിനങ്ങളാണ് സഭ ചേര്‍ന്നത്. വയനാട്ടിലും കോഴിക്കോടുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരെ സംബന്ധിച്ച റഫറന്‍സോടെ ഈ സമ്മേളനത്തിന്റെ ആദ്യ ദിനം പിരിയുകയുണ്ടായി. തുടര്‍ന്ന് വ്യത്യസ്ത ദിനങ്ങളിലായി മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി, മുന്‍ പാര്‍ലമെന്റ് അംഗം എം.എം. ലോറന്‍സ്, മുന്‍ നിയമസഭാംഗം കെ.പി. കുഞ്ഞിക്കണ്ണന്‍, സി.പി.ഐ.(എം) ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വ്യവസായ പ്രമുഖന്‍ രത്തന്‍ റ്റാറ്റ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് ഈ സമ്മേളനത്തില്‍ സഭ നടത്തുകയുണ്ടായി. ഈ സമ്മേളനത്തില്‍ സഭ പരിഗണിച്ച 9 ബില്ലുകള്‍ക്കുമായി ജനറല്‍ അമെന്റ്മെന്റ് ഉള്‍പ്പെടെ ആകെ 2846 ഭേദഗതി നോട്ടീസുകളാണ് ലഭ്യമായത്. അവയില്‍ 2111 എണ്ണം നോട്ടീസുകള്‍ അംഗങ്ങള്‍ ബില്ലിന്റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. അതില്‍ 32 ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ അതതു ബില്ലിന്റെ പരിഗണനാവേളയില്‍ സ്വീകരിക്കുകയുണ്ടായി. 2024-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബില്‍, 2024-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബില്‍, 2024-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ (ഭേദഗതി) ബില്‍, 2024-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ചില കോര്‍പ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതല്‍ പ്രവൃത്തികള്‍) ഭേദഗതി ബില്‍, 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ(ഭേദഗതി) ബില്‍, 2023-ലെ കേരള കന്നുകാലി പ്രജനന ബില്‍, തുടങ്ങിയ സുപ്രധാന ബില്ലുകള്‍ സഭ പാസ്സാക്കുകയുണ്ടായി. 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ നിയമം, 2018-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) നിയമം എന്നീ മൂലനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനായി ഈ സഭയില്‍ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കുകയും അവ പാസ്സാക്കുകയും ചെയ്തത് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എന്ന് അതത് ഭേദഗതി ബില്ലുകളുടെ ഉദ്ദേശകാരണങ്ങളുടെ വിവരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള നിയമസഭയിലെ വിവിധ സമിതികള്‍ എത്രമാത്രം ജാഗ്രതയോടെയാണ് അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ വ്യാപരിക്കുന്നത് എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്. ഇത്തരത്തില്‍ കാര്യമാത്രപ്രസക്തമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്ന നിയമസഭാ സമിതികളെ പൊതുവേയും സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയെ പ്രത്യേകമായും അഭിനന്ദിക്കുവാന്‍ ചെയറിന് അതിയായ സന്തോഷമുണ്ട്. സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 6നോട്ടീസുകള്‍ സഭ പരിഗണിച്ചതില്‍ 5നോട്ടീസുകളിന്മേലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുകയുണ്ടായി. അതില്‍ എ.ഡി.ജി.പി. – ആര്‍.എസ്.എസ്. കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം, വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളിന്മേലുള്ള നാല് നോട്ടീസുകള്‍ പ്രകാരം നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്മേല്‍ രണ്ട് മണിക്കൂറിലധികം സമയം വീതം ചര്‍ച്ച നടത്തുകയും ചെയ്തു. ഒരു സമ്മേളന കാലയളവില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിക്കുന്നത് നടാടെയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചട്ടം 50 പ്രകാരമുള്ള ഉപക്ഷേപത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് ശേഷം ബഹു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠേന പാസ്സാക്കുകയുണ്ടായി. പതിനഞ്ചാം കേരള നിയമസഭയുടെ നാളിതുവരെയുള്ള കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 11 നോട്ടീസുകളാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തത്. ഒന്നാം കേരള നിയമസഭ മുതല്‍ നാളിതുവരെയുള്ള 67 വര്‍ഷക്കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള ഉപക്ഷേപത്തിന്മേല്‍ 41 തവണ ചര്‍ച്ച ചെയ്തതില്‍ നാലിലൊന്നും പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നര വര്‍ഷ കാലയളവിലാണെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടിനെ ചെയര്‍ അഭിനന്ദിക്കുന്നു. ഈ സമ്മേളനത്തില്‍ സഭ സമ്മേളിച്ച ആകെ സമയമായ 44 മണിക്കൂര്‍ 36 മിനിറ്റില്‍ 9 മണിക്കൂര്‍ 19 മിനിറ്റാണ് നിയമ നിര്‍മ്മാണത്തിനായി വിനിയോഗിക്കപ്പെട്ടത്. റൂള്‍ 50 പ്രകാരമുള്ള നടപടികളിന്മേല്‍ 13 മണിക്കൂര്‍ 48 മിനിറ്റും വിനിയോഗിക്കുകയുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന ആശയം നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നതും 2024-ലെ വഖഫ്(ഭേദഗതി) ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതുമായി ചട്ടം 118 പ്രകാരമുള്ള രണ്ട് ഗവണ്‍മെന്റ് പ്രമേയങ്ങള്‍ ഈ സമ്മേളനക്കാലയളവില്‍ സഭ ഐകകണ്ഠേന പാസ്സാക്കുകയുണ്ടായി. വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ചട്ടം 300 പ്രകാരം ബഹു. മുഖ്യമന്ത്രിക്കുവേണ്ടി ബഹു. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പുമന്ത്രി പ്രസ്താവന നടത്തുകയുണ്ടായി. സമ്മേളന കാലയളവില്‍ 13 ശ്രദ്ധക്ഷണിക്കലുകളും 103 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു. സമ്മേളനത്തിലാകെ 458 രേഖകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും നിരവധി നിയമസഭാ കമ്മിറ്റികളുടേതായ 26 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി നീക്കിവച്ച വെള്ളിയാഴ്ച ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമാണ്. അന്നേ ദിവസം 5 പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ 7 പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ സഭ പരിഗണിക്കുകയും തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. ഈ സമ്മേളന കാലത്ത് 7 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്രചിഹ്നമിടാത്തതുമായി ആകെ 2819 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 11 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 9 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 210എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 2589 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 2799 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 210 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 2244 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തുതന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. 555 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ട്. ചോദ്യോത്തര വേളകളില്‍ 27 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 185 അവസരങ്ങളിലായി 211 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലെ നക്ഷത്രചിഹ്നമിടാത്ത ഒരു ചോദ്യത്തിന്റെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവന ഈ സമ്മേളനത്തില്‍ സഭയില്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ സമ്മേളനത്തിലെ ചോദ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിപക്ഷം ചോദ്യങ്ങൾക്കും മറുപടി ലഭ്യമാക്കാൻ ബന്ധപ്പെട്ട മന്ത്രിമാർ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏതാനും മറുപടികൾകൂടി ലഭ്യമാക്കാനുണ്ടെന്നാണ് കാണുന്നത്. ബഹുമാനപ്പെട്ട റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ജലവിഭവ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട വനം – വന്യജീവി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട നിയമം, വ്യവസായം, കയര്‍ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട കൃഷി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട തുറമുഖ-സഹകരണ-ദേവസ്വം വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പുമന്ത്രി എന്നിവര്‍ ഈ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്. നിയമസഭാ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാക്കുന്നതില്‍ മറ്റ് മന്ത്രിമാര്‍ക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. ഇനിയും മറുപടി നല്‍കാനുള്ള ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ചട്ടം അനുശാസിക്കുന്നവിധം മറുപടി ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി ആദ്യവാരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളും വമ്പിച്ച പൊതുജന പങ്കാളിത്തവും കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ പുസ്തകോത്സവം മുന്‍ പതിപ്പുകളേക്കാള്‍ മികച്ച രീതിയിലും കുറ്റമറ്റ തരത്തിലും സംഘടിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സാമാജികരെ കൂടി ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പും വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിന് മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്നതുപോലെ ഏവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. സഭയുടെ പന്ത്രണ്ടാം സമ്മേളന നടപടികള്‍ വിജയിപ്പിക്കുവാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ കക്ഷി നേതാക്കള്‍, മറ്റ് സഭാംഗങ്ങള്‍ എന്നിവര്‍ കാണിച്ച സഹകരണം അങ്ങേയറ്റം മാതൃകാപരമായിരുന്നു. അതിന്റെ പേരില്‍ എല്ലാപേര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ സമ്മേളനം വിജയിപ്പിക്കുവാന്‍ ആവശ്യമായ സഹായ സഹകരണം നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിലെയും വിവിധ വകുപ്പുതലങ്ങളിലെയും ഉദ്യോഗസ്ഥര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ചെയര്‍ നന്ദി അറിയിക്കുന്നു. എല്ലാപേര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍ നേരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!