ഇന്ത്യൻ ടീമില്‍ തന്‍റെ റോളിനെക്കുറിച്ച് നേരത്തെ വ്യക്തത നല്‍കിയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസണ്‍. പല പരിശീലകര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും മുമ്പുള്ളതില്‍ നിന്നുള്ള പ്രധാന വ്യത്യാസവും അത് തന്നെയായിയിരുന്നുവെന്ന് സഞ്ജു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പൊക്കെ ഇന്ത്യൻ ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനില്‍ ഞാനുണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. ഇനി അഥവാ പ്ലേയിംഗ് ഇലവനിലുണ്ടെങ്കില്‍ തന്നെ എവിടെ കളിക്കും എങ്ങനെ കളിക്കും എന്നതിനെക്കുറിച്ചൊന്നും നേരത്തെ അറിയാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായും വന്നശേഷമുള്ള പ്രധാനമാറ്റം ഓരോരുത്തര്‍ക്കും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തതയുണ്ടെന്നതാണ്.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്ക് ഒരാഴ്ച മുമ്പെ എന്നോട് പറഞ്ഞിരുന്നു. സഞ്ജു നീ മൂന്ന് മത്സരങ്ങളിലും കളിക്കും. ഓപ്പണറായിട്ടായിരിക്കും കളിക്കുന്നത്. അതിനായി തയാറെടുത്ത് വരിക എന്ന് എന്നോട് നേരത്തെ പറഞ്ഞിരുന്നു. ആ ഒരു മെസേജ് കിട്ടിയപ്പോള്‍ നല്ല രീതിയില്‍ തയാറെടുപ്പ് നടത്താന്‍ പറ്റി. അതും മികച്ച പ്രകടനം നടത്തുന്നതില്‍ വലിയൊരു ഘടകമായിരുന്നു. ഇറാനി ട്രോഫി കഴിഞ്ഞശേഷം കുടുംബവുമൊത്ത് ഒരു യാത്രയൊക്കെ പോയി തിരിച്ചുവന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെത്തി നടത്തിയ തയാറെടുപ്പുകളും വലിയ ഗുണം ചെയ്തു.കോച്ച് ഗൗതം ഗംഭീറിന്‍റെ ഭാഗത്തു നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നു. പല പരിശീലകര്‍ക്ക് കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഗംഭീറിന്‍റെ പ്രത്യേകത അദ്ദേഹത്തിന്‍റെ ആശയവിനിമയ ശേഷിയാണ്. വന്ന സമയം മുതല്‍ പറയുന്നുണ്ട്, സഞ്ജു നീ പേടിക്കേണ്ട, നിനക്ക് എന്‍റെ പിന്തുണയുണ്ടാകും. കാരണം എനിക്കറിയാം നീ എത്ര നല്ല കളിക്കാരനാണെന്ന്. ഞാനെത്ര വര്‍ഷമായി നിന്നെ കാണുന്നതാണ്. അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ പരമാവധി കളി ആസ്വദിച്ച് കളിക്കാന്‍ നോക്കു. ഞങ്ങളെല്ലാവരും നിന്‍റെ കൂടെയുണ്ട്. അങ്ങനെയുള്ളൊരും വിശ്വാസം ഒരു പരിശീലകന്‍റെ ഭാഗത്തു നിന്ന് കിട്ടുമ്പോള്‍ അത് വലിയ ഘടകമാണെന്നും സഞ്ജു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.