തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം കുടുംബത്തില്‍പ്പെട്ടയാളാണ് നവീന്‍ ബാബു. സിപിഐഎം സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
പി പി ദിവ്യ വ്യക്തിവിരോധം തീര്‍ക്കാന്‍ ക്ഷണിക്കപ്പെടാത്ത യാത്രയപ്പ് ചടങ്ങിലേക്ക് എത്തി. അപമാനിച്ചതിന്റെ ഫലമായിട്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണ്. അധികാരം ദുരുപയോഗം ചെയ്ത് ആരെയും അപമാനിക്കാം എന്ന് പറയുന്നത് ഭൂഷണമല്ല. ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനം. കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

