ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പരാതിക്കാരിയുടേത് വിശ്വാസയോഗ്യമായ മൊഴിയാണ്. പീഡനം കൂടാതെ ചില ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. മറ്റ് ചിലരുടേയും പേര് പറയുന്നുണ്ട്. കോവളം സ്റ്റേഷൻ ഹൌസ് ഓഫീസറും മറ്റ് ചിലരും ചേർന്ന് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പീഡന പരാതി നൽകിയ ശേഷമാണ് എംഎൽഎയുടെ ഫോൺ മോഷ്ടിച്ചുവെന്ന പരാതി നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. സർക്കാരും മാധ്യമങ്ങളുമാണ് പരാതിക്കാരിയെ സംരക്ഷിക്കുന്നത്. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം അറിയിച്ചു.