നരബലിക്കേസിൽ ഇലന്തൂരിൽ പരിശോധനയ്ക്ക് പരിശീലനം നൽകിയ നായ്ക്കളെയും എത്തിക്കും. ബെൽജിയം മെലനോയിസ് ഇനത്തിൽ പെട്ട മായ, മർസി നായകളെയാണ് ഇലന്തൂരിൽ എത്തിക്കുക. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയ നായകളാണിവ. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ സഹായിച്ച നായയാണ് മായ.
ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.
ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.