വാളയാർ കേസിൽ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തിൽ പാലക്കാട് പോക്സോ കോടതി സെപ്തംബർ 28ന് വിധി പറയും. സിബിഐയുടെ വാദത്തെ പ്രതികളായ വലിയ മധു, ഷിബു എന്നിവർ എതിർത്തു. കേസിലെ മൂന്നാം പ്രതി കുട്ടി മധുവിൻ്റെ വാദം കോടതി നാളെ കേൾക്കും. വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന ആരോപണവുമായി പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് കുട്ടികളുടെ കുടുംബം ആരോപിക്കുന്നത്. 2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി. 2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്ന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്. ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകി എന്നായിരുന്നു ഉത്തരവിലെ വിമർശനം. സിബിഐ നൽകിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ എന്നാൽ കേസ് അന്വേഷിച്ച ഏജൻസികൾ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ അവഗണിച്ചു കളഞ്ഞിരുന്നു. അതിൽ ഒന്നാമത്തേതാണ് സെല്ലോഫൈൻ ടേപ്പ് റിപ്പോർട്ട്. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കുള്ള പോരാട്ടം തുടരുകയാണ് കുടുംബം.