ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ രോഗ വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. സർക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി നടപ്പിലാക്കണം. കൺട്രോൾ റൂം നമ്പർ ഉൾപ്പെടെ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ മാത്രം സാമൂഹിക മാധ്യമങ്ങളിൽ വഴി പ്രചരിപ്പിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകി.
വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ആർ ആർ ടി വളണ്ടിയർമാർക്ക് ജില്ലാ ഭരണകൂടം നൽകുന്ന ബാഡ്ജുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകും. ഡയാലിസിസ് ഉൾപ്പെടെ ചികിത്സ ലഭിക്കേണ്ട രോഗികൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു ചികിത്സ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണം. വീടു വീടാന്തരം കയറിയുള്ള സർവ്വേ നടപടികൾ പുരോഗമിക്കുമ്പോഴും അവരുടെ മാനസിക പിന്തുണ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ നിലവിലെ പ്രതിരോധ പ്രവർത്തനവും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. എല്ലാ വാർഡുകളിലും ആർ ആർ ടി അംഗങ്ങളെ നിയോഗിച്ചതായും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുള്ളതായും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ എംഎൽഎമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ വിജയൻ, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ കലക്ടർ എ ഗീത, ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.