തിരുവനന്തപുരം ∙ കോഴിക്കോട് ഒരാള്‍ക്കു കൂടി നിപ്പ രോഗ ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് രോഗം സ്ഥിതികരിച്ചത്. നിപ്പ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ഓഫീസ് അറീച്ചു . ഇതോടെ നിപ്പ ബാധിതരുടെ എണ്ണം അഞ്ചായി. നാലു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിപ്പ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളിന്റെ പരിശോധന നടത്താത്തതിനാൽ നിപ്പ സ്ഥിരീകരിക്കാനായിട്ടില്ല.
നിപ്പ രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ഇപ്പാേൾ 950 പേരുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ളവരെയാണ് പുതുതായി പട്ടികയിൽ ചേർത്തത്. പട്ടികയിലെ 287 പേർ ആരോഗ്യപ്രവർത്തകരാണ്. ഇതിൽ 213 പേർ ഹൈറിസ്ക് പട്ടികയിലാണ്. സമ്പർക്കപ്പട്ടികയിലുള്ളവർ 21 ദിവസം ഐസലേഷനിൽ കഴിയണം. ഇതുവരെ 35 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.