സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ അധിക രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് സർക്കാർ. രേഖകളിൽ നിന്ന് നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും വ്യക്തമാകുന്നുണ്ട്. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.
സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് കോടതിയില്‍ അധിക രേഖകള്‍ സമർപ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്. നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹർജി കോടതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
നേരത്തെ ജീവപര്യന്തം തടവിനെതിരെ മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ സംസ്ഥാന സര്‍ക്കാറിനും എതിർ കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച ശിക്ഷാ വിധി റദ്ദാക്കണമെന്നായിരുന്നു മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍ ഇതിന് പിന്നാലെ ഹര്‍ജി നല്കി.
തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്.
സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരിച്ചു.