കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം സംസാര ശേഷിയും ഓർമ്മയും നഷ്ടമായി ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് കുഴിയിൽ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡിൽ വീണ കുഞ്ഞുമുഹമ്മദിന്റെ ഓർമ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി.
അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തർക്കമാണ് ആലുവ-പെരുമ്പാവൂർ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്, എന്നാൽ 16 മീറ്റർ മതിയെന്നാണ് നാട്ടുകാർ പറയ്യുന്നത്. ഇതാണ് തർക്കത്തിന് വഴിവച്ചത്. ഈ തർക്കം നിലനിൽക്കുന്നതിനാൽ പണി തുടങ്ങാനാകില്ലെന്നും അതുകൊണ്ടാണ് താൽകാലിക പാച്ച് വർക്ക് ചെയ്തതെന്നും അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെ സുധാകരന് 10 ലക്ഷം രൂപ മുടക്കിയാണ് 22 ദിവസം മുമ്പ് പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. പക്ഷെ ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കളക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് പരിശോധനയും നടത്തിയിരുന്നു. കിഫ്ബി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. എന്നാൽ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയ 30000 കിലോ മീറ്റർ റോഡ് പൂർണമായും ഗുണനിലവാരമുള്ളതാക്കുമെന്നും അതോടൊപ്പം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാൻ ക്ലൈമറ്റ് സെല്ലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.