തീരദേശ പരിപാലന ചട്ടം ല൦ഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചു.പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.. റിസോർട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉടമകൾ കരാർ നൽകിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിർദേശമുണ്ട്,2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു.ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിന്‍റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോർട്ട് കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നൽകി. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതിൽ രണ്ടു വില്ലകളാണ് ആദ്യം പൊളിക്കുന്നത്. 6 മാസംകൊണ്ട് പൊളിക്കൽ പൂർത്തിയാക്കാനാണ് പദ്ധതി.