മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോക്ക് പകരം വന്ദേമാതരം പറഞ്ഞ് തുടങ്ങണമെന്ന് നിർദേശിച്ച് ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.‘‘ഹലോ ഇംഗ്ലിഷ് വാക്കാണ്. അത് ഉപേക്ഷിക്കേണ്ട നേരം അതിക്രമിച്ചു. നമ്മൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരെല്ലാം ഇനി മുതൽ ഫോണിൽ മറുപടി പറയുന്നതിനായി എടുക്കുമ്പോൾ വന്ദേമാതരം പറഞ്ഞ് തുടങ്ങണം. ഇതു നിർബന്ധമാക്കണം’’ എന്നാണ് മന്ത്രിയുടെ നിർദേശം.
ഷിൻഡെ മന്ത്രിസഭയിൽ വകുപ്പ് വിഭജനം വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. മുഗന്തിവർ ആണ് സംസ്ഥാന സാംസ്കാരിക മന്ത്രി.

