തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമസ്തയുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ച തീരുമാനം മാറ്റാനല്ലെന്നും തീരുമാനം ബോധ്യപെടുത്താനാണെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് സമസ്ത. സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനെന്ന് ഉമര്‍ ഫൈസി മുക്കം ചോദിച്ചു. സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ച വേണമെന്ന സമസ്തയുടെ വാദം ആദ്യം സര്‍ക്കാര്‍ നിരാകരിച്ചെങ്കിലും പിന്നീട് ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജിഫ്രി തങ്ങളുമായി ഫോണില്‍ സംസാരിച്ച് അടുത്ത ആഴ്ച ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചു.
അതേസമയം, സമയമാറ്റത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ഇന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അതൃപ്തി പരസ്യമാക്കി. ‘മുസ്‌ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട, വിരട്ടുകയും വേണ്ട. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും’ ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
സ്‌കൂള്‍ സമയം മാറ്റത്തില്‍ അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമസ്ത. നിലവിലെ തീരുമാനം മദ്‌റസ പഠനത്തെ ബാധിക്കും. ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അനുകൂല തീരുമാനമില്ലെങ്കില്‍ എല്ലാ പോഷക സംഘടനകളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

