തിരുവനന്തപുരം∙ ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കില്ല. സിപിഎം സെമിനാറിനു കോഴിക്കാടാണ് ഇന്നു തുടക്കം കുറിക്കുക. ഡിവൈഎഫ്ഐയുടെ സ്നേഹവീടിന്റെ താക്കോൽദാന പരിപാടിയിൽ പങ്കെടുക്കാനായി ഇ.പി. ജയരാജൻ കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തി.
ഇന്നു വൈകിട്ട് നാലുമണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സമസ്ത അടക്കമുള്ള മുസ്‍ലിം സംഘടനകൾ സെമിനാറിൽ പങ്കെടുക്കുമ്പോഴാണ് ഇപി വിട്ടുനിൽക്കുന്നത്. ഇന്നലെ എകെജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇപി പങ്കെടുത്തിരുന്നില്ല.
ജയരാജൻ സെമിനാറിൽനിന്നു വിട്ടുനിൽക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നു. ഇ.പി.ജയരാജൻ വിട്ടുനിൽക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല, അദ്ദേഹത്തോടു ചോദിക്കണമെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം. എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നു പറഞ്ഞ എം.വി.ഗോവിന്ദൻ പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും വ്യക്തമാക്കി.

