മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. രജനി ചൗധരി(30) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മാതാപിതാക്കള്‍ പോലീസിന് നല്‍കിയിരുന്നു.
കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വീര്‍ക്കുന്നതായും പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. എന്താണ് കുഴപ്പമെന്ന് മനസിലാക്കാന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. വീട്ടുജോലിക്കാരി തങ്ങളുടെ കുഞ്ഞിനെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്.
ദമ്പതിമാര്‍ ജോലിക്ക് പോയാല്‍ രജനിയാണ് കുഞ്ഞിനെ വീട്ടില്‍ പരിചരിച്ചിരുന്നത്. എന്നാല്‍ മിക്കസമയത്തും ഇവര്‍ കുഞ്ഞിനെ മര്‍ദിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. രണ്ടുവയസ്സുകാരന്റെ മുടിയില്‍ കുത്തിപിടിച്ച് ഉപദ്രവിക്കുന്നതും മുഖത്തടിക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ദമ്പതിമാര്‍ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയത്.
നാലുമാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ജോലിക്കെത്തിയത്. മാസം 5000 രൂപയും ഭക്ഷണവും താമസവുമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. പ്രതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.