മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. ലോകത്തിലെ പലഭാഗങ്ങളിലും വൈറസ് വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ഹെല്‍ത്ത് ഏജന്‍സി അടുത്തയാഴ്ച അടിയന്തര യോഗം വിളിക്കുന്നുണ്ട്.
ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്‌സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്‌സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മോശമാവുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ട സമയമായെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു.
കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്‌സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.