പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി. നേരത്തെ ഈ യുവതിയുമായി രാഹുലിൻ്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് രാഹുൽ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിൻ്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി പറയുന്നു.അതേ സമയം, പന്തീരങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.