സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരമാകുമെന്നാണ് വാദം.പെൻഷൻ ഗുണഭോക്താവ് മരിച്ചാൽ പിന്നീട് തുക നൽകാറില്ല. സാമൂഹിക സുരക്ഷാ പെൻഷന് ആശ്രിതര്‍ക്കും അർഹതയില്ല. എന്നിട്ടും സംസ്ഥാനത്ത് പരേതരുടെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ തുക ലക്ഷങ്ങളാണെന്നാണ് കണക്ക്. കണ്ണൂർ കോർപ്പറേഷനിലെ 2022 – 23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടാണ് ഇത് സംബന്ധിച്ച വിവരം പുറത്തെത്തിച്ചത്. സാമൂഹിക പെൻഷൻ ഇനത്തിൽ ,മരിച്ചവരുടെ അക്കൗണ്ടിലേക്ക് കോര്‍പറേഷൻ 7,48,200 രൂപ നിക്ഷേപിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തി.വാർധക്യ പെൻഷൻ ഇനത്തിൽ മാത്രം ഇങ്ങനെ 6,61,000 രൂപ പരേതർ കൈപ്പറ്റിയിട്ടുണ്ട്. കർഷക തൊഴിലാളി പെൻഷനും വിധവാ പെൻഷനുമെല്ലാം ഈ കണക്കിൽ ഉൾപ്പെടും. കണ്ണൂരിൽ മാത്രം ഇങ്ങനെയെങ്കിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാമായി ഇത്തരത്തിൽ കോടിക്കണക്കിന് രൂപ പാഴായി പോകുന്നുണ്ടെന്നാണ് ആരോപണം.പെൻഷൻ ഗുണഭോക്താക്കൾ മരിച്ച മാസം വരെയുളള കുടിശ്ശിക മാത്രമേ അവകാശികൾക്ക് നൽകാവൂ എന്നാണ് വ്യവസ്ഥ. മരണവിവരം ഡാറ്റാബേസിൽ യഥാസമയം ചേർക്കാത്തതാണ് മരിച്ചതിന് ശേഷവും പെൻഷൻ തുക അക്കൗണ്ടിലേക്ക് പോകുന്നതിന് കാരണം. അനർഹമായി കൈപ്പറ്റിയ പെൻഷൻ തുക തിരികെപ്പിടിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് ശുപാർശ. പെൻഷൻ മാസങ്ങൾ കുടിശ്ശികയാകുമ്പോഴാണ് ഇങ്ങനെ അനർഹമായി, ഒരുപയോഗവുമില്ലാതെ കോടികൾ വരുന്ന തുക മരിച്ചവരുടെ അക്കൗണ്ടിലേക്ക് പോകുന്നത്.