ബിജെപിയെ കപട ഹിന്ദുത്വ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിക്കൊപ്പം സഖ്യത്തില്‍ ചേര്‍ന്ന് 25 വര്‍ഷം നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയില്‍ നടന്ന മെഗാ റാലിയിലായിരുന്നു ബിജെപിക്കെതിരെയുള്ള താക്കറെയുടെ പരാമര്‍ശം. ഗുണ്ടാസംഘത്തലവനായ ദാവൂദ് ഇബ്രാഹിം പോലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് അദ്ദേഹം വാദിച്ചു.
‘ഈ ദിവസങ്ങളിലായി അവര്‍ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാല്‍ ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ദാവൂദ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഉടനെ ഒരു മന്ത്രിയെങ്കിലും ആവും.’ ഉദ്ധവ് താക്കറെ വ്യക്തമാക്കുന്നു.
ശിവസേനക്കാരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് ഹിന്ദുത്വം. ബാബറി മസ്ജിദ് പൊളിച്ചത് യഥാര്‍ഥത്തില്‍ പൊളിച്ചത് ശിവസേനക്കരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞങ്ങളുടെ സിരകളില്‍ കാവി ചോരയുണ്ട്. ഞങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്’. താക്കറെ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസിനൊപ്പം പോയത് കൊണ്ട് ശിവസേനയ്ക്ക് ഹിന്ദുത്വമുഖം നഷ്ടമായെന്ന് പ്രചരിപ്പിക്കുന്നു. എന്‍ഡിഎ സഖ്യത്തില്‍ വന്നവരെല്ലാം ഹിന്ദുത്വ പാര്‍ട്ടികളാണോ എന്ന് ഉദ്ദവ് ചോദിച്ചു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലായതോടെ ഹിന്ദുത്വനിലപാടുകള്‍ ശിവസേന അടിയറവ് വച്ചെന്നാണ് എംഎന്‍എസും ബിജെപിയും പ്രചരിപ്പിക്കുന്നത്. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് രാജ് താക്കറെ ഉയര്‍ത്തിയ പ്രതിഷേധം യഥാര്‍ഥത്തില്‍ ശിവസേനയെ ലക്ഷ്യം വച്ചായിരുന്നു. ഇതിനെല്ലാ പിന്നാലെയാണ് ഉദ്ദവ് താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
വിലക്കയറ്റമടക്കം നോക്കൂ, മോദി സര്‍ക്കാര്‍ ഇന്ത്യയെ നരകമാക്കി. റേഷന്‍ തരുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. പക്ഷെ അത് പാചകം ചെയ്യാനുള്ള സിലണ്ടറിന് റോക്കറ്റ് വേഗത്തിലാണ് വില കൂട്ടുന്നത്. വിലക്കയറ്റം ഇങ്ങനെ മുന്നോട്ട് പോയാല്‍ ശ്രീലങ്കന്‍ അനുഭവം മുന്നിലുണ്ടെന്ന് ഉദ്ദവ് ഓര്‍മിപ്പിച്ചു. വാജ്പേയ് ഇന്ധന വില വര്‍ധനവിനെതിരെ കാളവണ്ടിയില്‍ പാര്‍ലമെന്റിലേക്ക് വന്ന് പ്രതിഷേധിച്ചു. എന്നാല്‍ ഇന്നത്തെ ഇന്ധന വില നോക്കൂ. വാജ്പേയുടെ കാലത്തെ ബിജെപിയല്ല ഇന്നത്തെ ബിജെപി താക്കറെ ചൂണ്ടികാട്ടി.