അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരനാണ് അക്രമി. വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി.
വെടിയേറ്റ പതിമൂന്ന് പേരില്‍ പതിനൊന്നുപേരും കറുത്തവര്‍ഗക്കാരാണ്. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. കറുത്തവര്‍ഗക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തുന്ന സമയത്ത് ആക്രമി ഹെല്‍മെറ്റും ധരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങിലായിരുന്നു 18-കാരന് ആക്രമണം ആരംഭിച്ചത്. ഇവിടെവെച്ച് നാലുപേര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കുകയും വെടിവെപ്പ് തുടരുകയുമായിരുന്നെന്നും ബഫല്ലോ പോലീസ് കമ്മീഷണര്‍ ജോസഫ് ഗ്രാമഗ്ലിയ അറിയിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍, അക്രമി തോക്ക് സ്വന്തംകഴുത്തില് വെച്ച് ഭീഷണി മുഴക്കി. തുടര്‍ന്ന് പോലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കുകയും ഒടുവില്‍ കീഴടങ്ങുകയുമായിരുന്നു.

