വിഷു ആശംസകൾ നേർന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പ്രതിഷേധവുമായി കെ എസ് ആർ ടി സി ജീവനക്കാർ. ഏപ്രിൽ പകുതിയായിട്ടും മാർച്ച് മാസത്തിലെ ശമ്പളം ഇത് വരെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ കുട്ടികൾ അര പട്ടിണിയിൽ കിടക്കുമ്പോൾ മന്ത്രി സമ്പത് സമൃതിയിൽ വിഷു ആഘോഷിക്കൂ എന്ന് ജീവനക്കാർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. വലിയ രീതിയിൽ രോഷവും പരിഹാസവുമാണ് മന്ത്രിക്ക് നേരെ ഉയരുന്നത്.
‘സ്വന്തം വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ശേഷിയില്ലാത്ത മന്ത്രിയാണോ സമ്പത് സമൃതിയുടെ വിഷു ആശംസകള്‍ നേരുന്നത്?, ‘ഇത്തവണ മന്ത്രിക്ക് മാത്രമാണ് വിഷു, തങ്ങളുടെ മക്കള്‍ക്ക് വിഷുവും ഈസ്റ്ററും ഇല്ല’, ‘സ്വന്തം വകുപ്പിലെ 27,000 ത്തോളം ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് വിഷു ആശംസിക്കാന്‍ എന്തു യോഗ്യതയാണ് താങ്കള്‍ക്കുള്ളത്’, ആശംസകള്‍ നേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇല്ല’, ‘മക്കള്‍ക്ക് കണിയൊരുക്കാന്‍ ഒരുകുല കൊന്നപ്പൂ വാങ്ങാന്‍ പോലും 10 രൂപ എടുക്കാന്‍ ഇല്ല, അപ്പൊ എങ്ങനെ സമ്പത് സമൃദ്ധമായ വിഷു ആഘോഷിയ്ക്കും സാറെ’ എന്ന് തുടങ്ങിയാണ് ജീവനക്കാരുടെ പ്രതിഷേധം.
ശമ്പളം നല്‍കാന്‍ ധനവകുപ്പ് 30 കോടി അനുവദിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും, ബാങ്ക് അവധിയും കാരണം ഭാഗികമായി പോലും ശമ്പള വിതരണം നടന്നിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സിഐടിയുവിന്റെ റിലേ നിരാഹാര സത്യഗ്രഹ സമരം ചീഫ് ഓഫീസിനുമുന്നില്‍ തുടരുകയാണ്.