ആലപ്പുഴയിൽ വയോധികയുടെ വീട്ടുമുറ്റത്തെ അടുപ്പുകല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ട് അധികൃതർ. 64 വയസ്സുള്ള തങ്കമ്മയുടെ വീട്ടുമുറ്റത്തെ പുറത്ത് കൂട്ടിയ അടുപ്പ് കല്ല് പറിച്ചുകളഞ്ഞാണ് കെ റെയിലിന് കല്ലിട്ടത്. സംഭവത്തിൽപ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കല്ലിട്ട് ഉദ്യോഗസ്ഥർ പോയതിന് പിന്നാലെതന്നെ നാട്ടുകാർ കല്ല് പിഴുതെറിയുകയും ചെയ്തു.20 വയസ്സുകാരൻ മകൻ ടെറ്റസിനൊപ്പം ആണ് തങ്കമ്മ ഈ മൂന്നരസെന്റിലുള്ള വീട്ടിൽ കഴിയുന്നത്.
ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കാൻ അപേക്ഷ നൽകിയിരിക്കുകയായിരുന്നു തങ്കമ്മ. നേരത്തേ റേഷൻ കാർഡ് ഇല്ലാത്തതിനാൽ അപേക്ഷ തള്ളിപ്പോയിരുന്നു. റേഷൻ കാർഡെല്ലാം ശരിയാക്കി ലൈഫിൽ വീട് ലഭിക്കുന്നതും കാത്തിരിക്കുമ്പോഴാണ് കെ റെയിലിന്റെ കല്ല് അടുപ്പിൽ തന്നെ പാകിയത്.

