പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി നാളെ
ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയുക്തരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി നാളെ (മാര്‍ച്ച് 17) രാവിലെ 9.30 മുതല്‍ 1.30 വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കാണ് പരിശീലനം. ഉദ്യോഗസ്ഥർ രാവിലെ 8.30 ന് മുൻപായി കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
കോഴിക്കോട് താലൂക്ക്- കലക്ടറേറ്റ് കോൺഫറൻസ് ഹാൾ. കൊയിലാണ്ടി താലൂക്ക് – താലൂക്ക് കോൺഫറൻസ് ഹാൾ കൊയിലാണ്ടി. വടകര താലൂക്ക് – ടൗൺ ഹാൾ വടകര. താമരശ്ശേരി താലൂക്ക്- രാജീവ് ഗാന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിശീലനം
ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 68280 പ്രചാരണ സാമഗ്രികള്‍
ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 68280 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 338 ചുവരെഴുത്തുകള്‍, 47372 പോസ്റ്ററുകള്‍, 6482 ബാനറുകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, 14088 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പ് : സൗഹൃദ ഫുട്ബോൾ മത്സരം നാളെ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം ബുധനാഴ്ച(മാർച്ച് 17).
കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30-നു മുൻ ഐ.എസ്.എൽ. ഫുട്ബോൾ താരം സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിലാണ് മത്സരം. കലക്ടറുടെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
ഹാജരാകാത്ത സമ്മതിദായകര്‍’ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
നിയമസഭാതിരഞ്ഞെടുപ്പില്‍ ‘ഹാജരാകാത്ത സമ്മതിദായകര്‍’ക്കുള്ള തപാല്‍വോട്ടിന്റെ അപേക്ഷ നിയോജകമണ്ഡലം വരണാധികാരിക്കു സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് 17-നകം തപാല്‍വോട്ടിനുള്ള അപേക്ഷയായ ഫോറം 12ഡി പൂരിപ്പിച്ച് അതത് നിയോജകമണ്ഡലം വരണാധികാരിക്കു നല്‍കിയാല്‍മാത്രമേ ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് തപാല്‍ബാലറ്റ് അനുവദിക്കുകയുള്ളൂ. അവശ്യസേവന മേഖലയിലെ ജീവനക്കാര്‍, 80 വയസിനുമുകളില്‍ പ്രായമുള്ളവര്‍,കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്നടയാളപ്പെടുത്തിയവര്‍ എന്നിവര്‍ക്കാണ് ‘ഹാജരാകാത്ത സമ്മതിദായകര്‍’ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ തപാല്‍ വോട്ട് അനുവദിച്ചത്. കോവിഡ് രോഗികളും ക്വാറന്റെനില്‍ കഴിയുന്നവരും ബാലറ്റ് പേപ്പറിനുള്ള അപേക്ഷയോടൊപ്പം മതിയായ രേഖകള്‍ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ ഭിന്നശേഷി ബെഞ്ച് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
അപേക്ഷിക്കേണ്ടവിധവും നടപടിക്രമങ്ങളും:
- തപാല്‍വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന അര്‍ഹരായ വോട്ടര്‍മാര്‍ വരണാധികാരിക്ക് എല്ലാവിവരങ്ങളും ഉള്‍ക്കൊള്ളിച്ച് 12ഡി ഫോറം പൂരിപ്പിച്ചുനല്‍കണം.
- അപേക്ഷയുടെ നിജസ്ഥിതി വരണാധികാരിക്ക് ബോധ്യപ്പെട്ടാല്‍ തപാല്‍ബാലറ്റ് അനുവദിക്കും.
- ഫോറം 12ഡിയില്‍ പറഞ്ഞ മേല്‍വിലാസത്തില്‍ പോളിങ് ഓഫീസര്‍ പദവിയില്‍ താഴെയല്ലാത്ത ഒരാളെങ്കിലും ഉള്‍പ്പെടുന്ന സംഘം വോട്ടര്‍മാരെ സന്ദര്‍ശിച്ച് വോട്ടിങ് നടപടികള്‍ സ്വീകരിക്കും.
- പോളിങ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ദിവസം സമ്മതിദായകര്‍ വീട്ടില്‍ ഇല്ലെങ്കില്‍ മുന്‍കൂട്ടി അറിയിച്ചതിനുശേഷം ഒരുതവണകൂടി വീട് സന്ദര്‍ശിക്കും. രണ്ടാമത്തെ തവണകൂടി സമ്മതിദായകന്‍ വീട്ടിലില്ല എങ്കില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കില്ല.
- തപാല്‍ബാലറ്റുമായി പോകുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംരക്ഷണം ഉണ്ടാകും. സമ്മതിദായകര്‍ തപാല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങള്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താത്ത വിധം വീഡിയോയില്‍ ചിത്രീകരിക്കും.
- പി.പി.ഇ.കിറ്റ് ഉള്‍പ്പെടെയുള്ള വ്യക്തിഗത സുരക്ഷാഉപകരണങ്ങള്‍ ധരിച്ചാവും വീടുകളില്‍ പോളിങ് ഓഫീസര്‍മാര്‍ എത്തുക.
അവശ്യസേവന ജീവനക്കാര്‍ക്ക് പ്രത്യേക വോട്ടിങ് സെന്റര്‍
അവശ്യസേവനവിഭാഗം ജീവനക്കാര്‍ വോട്ടുരേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ നിയോജകമണ്ഡലത്തിലൊരുക്കുന്ന പ്രത്യേക വോട്ടിങ് സെന്ററുകളില്‍ സ്വീകരിക്കും. തുടര്‍ച്ചയായി മൂന്നുദിവസം സെന്ററുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍, വോട്ടെടുപ്പിനു മൂന്നുദിവസം മുമ്പു സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രെഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവര്‍ത്തകര്‍, വോമസേന, ഷിപ്പിങ് എന്നീ അവശ്യസേവന ജീവനക്കാര്‍ക്കാണ് തപാല്‍വോട്ടിന് അര്‍ഹത.
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 18ന് പത്തനംതിട്ട പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. വിദ്യാർത്ഥികൾക്ക് www.polyadmission.org/tsh ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. ഓരോ ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിലാണ് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുക. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. പ്രവേശന പരീക്ഷ ഏപ്രിൽ 16 ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും.
ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും സ്‌കൂളുകളിൽ ലഭിക്കും. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്