ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പുണ്യവേലിന്റെ കടയാണ് കാട്ടാന വീണ്ടും അക്രമിച്ചത്. അഞ്ച് ദിവസമായി നാല് കാട്ടാനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആനകളെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഒരാഴ്ച്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് പുണ്യവേലിന്റെ കട ആന അക്രമിക്കുന്നത്. ഇന്ന് രാവിലെയാണ് ആന വീണ്ടും കടയിൽ എത്തിയത്. കടയിലുണ്ടായിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച ശേഷം ജനൽ തുറക്കാൻ ശ്രമം നടത്തി. എന്നാൽ ജനൽ തുറക്കാൻ കഴിയാതെ വന്നതോടെ തിരികെ പോകുകയായിരുന്നു.
ഇത് പതിനേഴാമത്തെ തവണയാണ് പുണ്യവേലിന്റെ കട കാട്ടാന അക്രമിക്കുന്നത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളും പ്രദേശത്ത് ഒരാഴ്ച്ചയായി ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വനം വകുപ്പ് ഇതിനെതിരെ യാതൊരു നടപടികളും എടുത്തില്ല. ഇനി നടപടിയുണ്ടായില്ലെങ്കിൽ വനപാലകരെ തടഞ്ഞുവെക്കാനാണ് നാട്ടുകാരുടെ തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട് രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുണ്യവേലിന്റെ കടയിൽ ആന എത്തിയിരുന്നത്. കടയിൽ സൂക്ഷിച്ചിരുന്ന മൈദയും സവാളയും കഴിച്ച ശേഷമായിരുന്നു ആന പോയത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ അതിനും കേടുപാടുകൾ പറ്റിയിട്ടിരുന്നു.

