കോഴിക്കോട് ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ നവതരംഗം കേരളത്തിലെ ബാങ്ക് ജീവനക്കാര്‍ക്ക് വേണ്ടി ജില്ലാതലത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ കായിക സംസ്‌കാരവും ഫുട്‌ബോളിനോട് താല്‍പര്യവും വളര്‍ത്തുക എന്ന ദൗത്യമാണ് നവതരംഗം ഇതിലൂടെ നിറവേറ്റുന്നത്. ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണിക്ക് കാരപ്പറമ്പ് ജിംഗാ ഫുട്‌ബോള്‍ ടര്‍ഫില്‍ ഉദ്ഘാടനം ചെയ്യുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 14 ടീമുകളാണ് പങ്കെടുക്കുന്നത്.
മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളും മോഹന്‍ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ വന്‍കിട ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളും അടങ്ങുന്ന ടീമുകളാണ് അണിനിരക്കുന്നത്.125000 രൂപയാണ് പ്രൈസ് മണിയായി നല്‍കുന്നത്. 35 കൊല്ലം ആയി പ്രവര്‍ത്തിച്ചു വരുന്ന നവതരംഗം ബാങ്ക് ലോണ്‍ എന്ന പേരില്‍ രണ്ടുവര്‍ഷമായി കോഴിക്കോട് ജില്ലയിലെ ബാങ്ക് ജീവനക്കാര്‍ക്ക് വേണ്ടി വിവിധ കായിക മത്സരങ്ങള്‍ നടത്തി വരുന്നുണ്ട്.
ബോധിസത്വന്‍ കെ .റെജി, കെ എം മുഹമ്മദ് ഫവാസ്, പി. ആര്‍ രൂപ, അമൃത നരേന്ദ്രനാഥ്, കെ.വി സൂരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു