തിരുവനന്തപുരം വിഴഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്ന പ്രതികൾ പിടിയിൽ.വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സമീപവാസിയായ റഫീഖ ബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽ അമീൻ എന്നിവരാണ് പിടിയിലായത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം. വീടിന്റെ മച്ചില്‍ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പിടിയിലാവുന്നത്. മോഷണം മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിലവിലെ വിവരം.സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ കഴകൂട്ടം പൊലീസിന് കൈമാറി. ഇവർ നടത്തിയ വാഹന പരിശോധനയിലാണ് സ്വകാര്യ ബസിൽ രക്ഷപെടുകയായിരുന്ന പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണം പ്രതികൾ വിറ്റു എന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വീട് മാറിപ്പോവുകയാണെന്നറിയിച്ച് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട്, ചുറ്റികയ്ക്ക് സമാനമായ ആയുധം കൊണ്ട് തലക്കടിച്ചു. ശേഷം മൃതദേഹം തട്ടിനു മുകളിൽ ഉപേക്ഷിച്ചു. എന്നിട്ട് ഇവർ സ്ഥലം വിട്ടു. വാടകവീടിൻ്റെ ഉടമസ്ഥൻ എത്തിയപ്പോൾ വീടിനുള്ളിൽ രക്തം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.കൊലപാതകം തനിച്ചാണ് ചെയ്തത് എന്ന് പിടിയിലായ അൽഅമീൻ പൊലീസിനോട് പറയുന്നുണ്ടെങ്കിലും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമയി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.