പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലികുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.
രണ്ട് കുട്ടികളെ പ്രസവിച്ച പുലി കിടന്നിരുന്ന സമീപത്തെ വീടിന് അടുത്ത് കൂട് സ്ഥാപിച്ചെങ്കിലും ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാനായി പുലി വരാതിരുന്നതോടെയാണ് സംരക്ഷണം വനം വകുപ്പ് ഏറ്റെടുത്തത്. അവശനിലയിലായ പുലിക്കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.