ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

