ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീണിന്‍റെ ആത്മഹത്യയില്‍ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പോലീസ് റിപ്പോർട്ടിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തിൽ റൂറൽ എസ്.പി കാർത്തിക്കിനെ ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി. സംഭവത്തിൽ കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡി.വൈ.എസ്.പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിവാദങ്ങൾക്കിടെ ആലുവ സി ഐ സൈജു കെ പോൾ അവധിയിൽ പ്രവേശിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ ആരോപണ വിവാദത്തിന് പിറകെയാണ് അവധി.
അതേസമയം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുടെ കസ്റ്റഡി അപേക്ഷയിൽ തീവ്രവാദ ബന്ധ പരാമർശം നടത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആലുവ എം എൽ എ അൻവർ സാദത്തിന്റെ പരാതിയിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

