ആനാവൂർ നാരായണൻ കൊലപാതക കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം കോടതി പിഴയിട്ടും. പിഴത്തുക ആനാവൂർ നാരായണൻ നായരുടെ കുടുംബത്തിന് നൽകും. ബിഎംഎസ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ആണ് കേസിലെ ഒന്നാം പ്രതി.
ഒൻപത് വർഷങ്ങൾക്കു മുൻപായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. എസ്എഫ്‌ഐക്കാരനായ മകനെ അപായപ്പെടുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് നാരായണന് വെട്ടേൽക്കുന്നത്. ആഴമേറിയ പതിനാറ് വെട്ടുകൾ ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം മുറിവുകൾ. ഭാര്യയുടെയും മകന്റെയും മുന്നിൽവച്ചായിരുന്നു ക്രൂരമായ കൊലപാതകം.
തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കാർ ജീവനക്കാരനായിരുന്നു നാരായണൻനായർ എന്ന ആനാവൂർ നാരായണൻ. നാട്ടുകാർക്കിടയിൽ സതിയണ്ണൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആനാവൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ട്രസ്റ്റ് അംഗം, വിത്തിയറം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ സെക്രട്ടറി, ആലത്തൂർ പുരോഗമന ഗ്രന്ഥശാല സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.