ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുമോ എന്നാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന ചോദ്യം. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി ഭാവിയെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചിരിക്കുകയാണിപ്പോള്‍. പരാജയം അംഗീകരിക്കില്ലെന്ന ആദ്യ നിലപാടില്‍ നിന്ന് ട്രംപ് മാറുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എല്ലാം കാലം പറയും’ എന്ന് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഗം. വാക്‌സിന്‍ നിര്‍മാണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനുശേഷം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്ക്ഡൗണിലേക്ക് പോവില്ല’- ട്രംപ് പറഞ്ഞു.
ഈ വാക്കുകളോടെയാണ് ട്രംപിന്റെ മനംമാറ്റം ചര്‍ച്ചയായത്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചത് മുതല്‍ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപ് പക്ഷത്തിന്റെ ആരോപണം. ഇതിനെതിരെ വിവിധ സ്റ്റേറ്റുകളില്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മിക്ക കോടതികളും ഇതു തള്ളി. ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കി.